കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് യൂത്ത് കെയർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്സവനഗരിയിൽ വിപുലമായ ശുചീകരണ പ്രവർത്തനം നടത്തി. തുടർച്ചയായ മൂന്നാം വർഷമാണ് യൂത്ത് കെയർ പ്രവർത്തകർ ഉത്സവകാലത്ത് ശുചീകരണ ദൗത്യം ഏറ്റെടുക്കുന്നത്.
ഇക്കരെ കൊട്ടിയൂർ, അക്കരെ കൊട്ടിയൂർ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തകർ ശുചീകരണം നടത്തി. ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ചകളിൽ വലിയ തോതിൽ ഭക്തജനങ്ങൾ എത്തുന്നതിനാൽ മാലിന്യത്തിന്റെ അളവ് വർധിക്കുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനം രണ്ടുദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉത്സവകാലത്ത് വിവിധ സേവനപ്രവർത്തനങ്ങളും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടന്നു വരികയാണ്. പേരാവൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കരെ കൊട്ടിയൂരിൽ ഭക്തജനങ്ങൾക്കായി ചുക്കുകാപ്പി വിതരണ കേന്ദ്രം പ്രവർത്തിക്കുന്നു. ദിവസേന മൂവായിരത്തിലധികം തീർഥാടകരാണ് ഇവിടെ നിന്ന് ചുക്കുകാപ്പി സ്വീകരിക്കുന്നത്. രാത്രിയും പുലർച്ചെയും ഉൾപ്പെടെയുള്ള സമയങ്ങളിൽ ദീർഘദൂര യാത്രയെത്തുന്ന ഭക്തർക്ക് ഈ സേവനം ഏറെ ആശ്വാസകരമാണ്.
കൂത്തുപറമ്പ് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാഞ്ചേരിയിൽ നടത്തുന്ന അന്നദാനവും ശ്രദ്ധേയമാണ്. ദിവസേന രണ്ടായിരത്തിലധികം ഭക്തർക്കാണ് രാവിലെ മുതൽ രാത്രി വരെ ഭക്ഷണം വിതരണം ചെയ്യുന്നത്. വിവിധ ജില്ലകളിൽ നിന്നെത്തുന്ന തീർഥാടകർക്ക് ഇത് വലിയ സഹായമായി മാറിയിട്ടുണ്ട്.
ഇതിനുപുറമെ, യൂത്ത് കെയർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ആശുപത്രിയുടെ സഹകരണത്തോടെ ഇക്കരെ കൊട്ടിയൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആരോഗ്യപരിശോധനയും പ്രാഥമിക ചികിത്സാ സേവനങ്ങളും ഉൾപ്പെടെ നിരവധി ഭക്തജനങ്ങൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.
ശുചീകരണം, ആരോഗ്യസേവനം, ചുക്കുകാപ്പി വിതരണം, അന്നദാനം തുടങ്ങിയ വിവിധ ജനസേവന പ്രവർത്തനങ്ങളിലൂടെ കൊട്ടിയൂർ ഉത്സവകാലത്ത് യൂത്ത് കെയറും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ശുചീകരണം ജില്ല പഞ്ചായത്തംഗം ജെയ്സൺ കാരക്കാട്ട് ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട്
വിജിൽ മോഹനൻ അദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി
വി.പി അബ്‌ദുൾ റഷീദ്,
മഹിത മോഹൻ
അശ്വിൻ മധുകോത്ത്,
മിഥുൻ മാറോളി,നിധിൻ നടുവനാട്,
ജിബിൻ ജെയ്സൺ,
എ.ജീന,
എൻ.ബി അരുൺ,
പി.പി പ്രജീഷ്,നിധിൻ കോമത്ത്,രാഹുൽ മെക്കിലേരി,
പ്രിൻസ് പി ജോർജ്,
ജിനീഷ് ചെമ്പേരി എന്നിവർ പ്രസംഗിച്ചു
Youth Care cleans Kottiyoor festival city. Youth Congress sets an example in social service























